പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എംവിഡി എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെതിരെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല, വാഹനത്തിൽ നിയമവിരുദ്ധമായ അധിക ലൈറ്റുകൾ ഘടിപ്പിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംവിഡി ഉദ്യോഗസ്ഥൻ വാഹനത്തിന് 7,000 രൂപ പിഴ ചുമത്തിയത്.
ആറന്മുളയിലെ പ്രളയബാധിത മേഖലകളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും അത്യാവശ്യ സാധനങ്ങൾ എത്തിക്കാനും സജീവമായി രംഗത്തുണ്ടായിരുന്ന വാഹനമായിരുന്നു ഇത്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ആവശ്യമായ സ്പെയർപാർട്സുകൾ വാങ്ങാനായി അടൂരിലേക്ക് പോകുന്നതിനിടെ, അടൂർ ബൈപ്പാസിൽ വച്ച് നടത്തിയ പതിവ് പരിശോധനയിലാണ് ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞുനിർത്തി പെറ്റി അടിച്ചത്.
ദുരന്തമുഖത്ത് സന്നദ്ധസേവനം നടത്തുന്ന വാഹന ഉടമയോട് എംവിഡി കാണിച്ച നടപടിക്കെതിരെ കടുത്ത ജനരോഷമാണ് ഉയർന്നത്. തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവരുകയും പിഴത്തുക പിരിച്ചെടുത്ത് വാഹന ഉടമയ്ക്ക് കൈമാറി പിഴ അടച്ചുതീർക്കുകയുമായിരുന്നു.
തുടർന്ന് അബിൻ വർക്കി എംഎൽഎ വിഷയം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അടിയന്തര നടപടി ആവശ്യപ്പെടുകയുമായിരുന്നു. ദുരന്ത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ വിവേചനാധികാരവും സഹാനുഭൂതിയും കാണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
















Leave a Reply