ദുബായ്: വിദേശത്ത് നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികളെ പരിശോധനയുടെ പേരിൽ അന്യായമായി തടഞ്ഞുവെക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കാൻ കേരള – കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് ദുബായ് കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് വന്ന കാസർഗോഡ് എരിയാൽ ബ്ലാർക്കോഡ് സ്വദേശി മഹ്ഷാദിനുണ്ടായ ദുരനുഭവത്തിൽ യോഗം കടുത്ത അമർഷവും ആശങ്കയും രേഖപ്പെടുത്തി.
വർഷങ്ങൾക്ക് ശേഷം സ്വന്തം നാടണയുന്ന പ്രവാസികളെപ്പോലും പരിശോധനയുടെ മറവിൽ തടഞ്ഞു വെക്കുകയും, നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ പോലും മാനസികമായി പീഡിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ വിനോദമായി മാറിയിരിക്കുകയാണ്. പ്രവാസികളോട് മോശമായി പെരുമാറുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണം.
എയർപോർട്ടുകളിൽ പരിശോധന നടത്താനുള്ള എസ്.ഒ.പി (Standard Operating Procedure) പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കണമെന്നും, യാത്രക്കാരോട് മാന്യമായ രീതിയിൽ പെരുമാറാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകണമെന്നും യോഗം കൂട്ടിച്ചേർത്തു.
നേതാക്കളുടെ പങ്കാളിത്തം:
ഹാരിസ് പീബിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെക്കീൽ എരിയാൽ സ്വാഗതം പറഞ്ഞു. അബ്ദുൽ റഹ്മാൻ നെക്കര, ഷെഹീർ കാവിൽ, നിസാം ചൗക്കി, ഖാദർ മൊഗർ, സമീർ പുത്തൂർ, സഫ്വാൻ മൊഗർ, തഹസീൻ മുപ്പ, സിദ്ദിഖ് ചൗക്കി, സുബൈർ പുത്തൂർ, ഷാഫി കമ്പാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജലാൽ കുന്നിൽ നന്ദി രേഖപ്പെടുത്തി.
















Leave a Reply