ഖത്തറിലെ കാസര്‍കോടൻ കൂട്ടായ്മയായ ക്യൂട്ടിക്ക് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ കാസർകോടൻ കൂട്ടായ്മയായ ‘ക്യൂട്ടിക്ക്’ ഇരുപതാം വാർഷിക യോഗം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ദോഹയിലെ സൈത്തൂൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്യൂട്ടിക്ക് മാനേജിംഗ് ഡയറക്ടർ ലുക്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ ഇരുപതാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവാസികൾക്കിടയിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും ബിസിനസ് മേഖലകളിൽ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും ക്യൂട്ടിക്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന് അനുസൃതമായി പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് വേണ്ടി AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പോലുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും, വരാനിരിക്കുന്ന 25 വർഷം AI യുടേതായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ക്യൂട്ടിക്ക് മുന്നോട്ട് വരുന്നത് അവരുടെ തുടർപഠനത്തിന് വലിയ ഊർജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ക്യൂട്ടിക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതവും, അക്കൗണ്ടന്റ് ഹാരിസ് പി.എസ്. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ഓഡിറ്റർ മൻസൂർ മുഹമ്മദ് അവതരിപ്പിച്ചു.

വിദ്യാർത്ഥികളെ അനുമോദിച്ചു 2025-2026 അധ്യയന വർഷങ്ങളിൽ അക്കാദമിക് തലത്തിലും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലും ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ ചടങ്ങിൽ വെച്ച് മെമന്റോ നൽകി അനുമോദിച്ചു.

എക്‌സിക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാർ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഖാദർ ഉദുമ, ഷഹീൻ എം.പി, ഇഖ്ബാൽ ആനബാഗിൽ, അലി ചേരൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്‌സിക്യൂട്ടിവ് അംഗം ബഷീർ സ്രാങ്ക് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *