കാസർകോട് കർമ്മന്തൊടിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാറഡുക്ക പഞ്ചായത്തിലെ കർമ്മന്തൊടിയിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൈനികനായ രാജേഷ് കുമാറിന്റെ ഭാര്യ സൗപർണ്ണികയാണ് ജീവനൊടുക്കിയത്. നാൽപ്പത് വയസ്സായിരുന്നു.
ഒരു മാസം മുൻപായിരുന്നു ഇവരുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനം നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ഭർത്താവ് രാജേഷ് കുമാർ, അടുത്തിടെയാണ് തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ശനിയാഴ്ച രാവിലെയാണ് സൗപർണ്ണികയെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുളിയാർ പാത്തനടുക്കം സ്വദേശിനിയായ സൗപർണ്ണികയ്ക്ക് രണ്ട് മക്കളുണ്ട്.
സംഭവമറിഞ്ഞ് ആദൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവിവരമറിഞ്ഞ് ഭർത്താവ് രാജേഷ് കുമാർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *