ദുബായ്:
പറക്കലിനിടെ സഹ പൈലറ്റിന്റെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറിനെ ആശ്ലേഷിച്ച ഷെയ്ഖ് ഹംദാൻ, ധീരമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റന് രാജ്യത്തിന്റെ പൂർണ അഭിനന്ദനവും ആദരവും അറിയിച്ചു.
“ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും മനുഷ്യജീവനുകളോടുള്ള കരുണയുടെയും ഉദാത്ത മാതൃകയാണ് അദ്ദേഹം. ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂർണ അഭിനന്ദനവും പ്രശംസയും അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ ടീമിന്റെയും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും ഭാഗമാണ് അദ്ദേഹം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും നാടായ യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രതീകമാണ് സ്മിത് മച്ചാർ,” ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ആശുപത്രിയിൽ വെച്ച് പൈലറ്റുമായി സംസാരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
സംഭവം ഇങ്ങനെ:
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ളൈ ദുബായ് വിമാനത്തിലായിരുന്നു (FZ1073) നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു സ്മിത് മച്ചാർ. ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി കോക്ക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇരുവരും തമ്മിൽ പിടിവലി നടക്കുന്നതിനിടെ വിമാനം മിനിറ്റുകൾക്കകം ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. എന്നാൽ അതീവ ഗുരുതരമായി പരിക്കേറ്റിട്ടും മനോധൈര്യം കൈവിടാതെ ക്യാപ്റ്റൻ മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഉടൻ തന്നെ അകത്തേക്ക് ഓടിയെത്തിയ യാത്രക്കാരും ക്രൂ അംഗങ്ങളും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
പൈലറ്റിന്റെ അസാധാരണ ധീരതയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരടക്കം ലോകനേതാക്കൾ പ്രശംസിച്ചിരുന്നു. നിലവിൽ സ്മിത് മച്ചാർ അബുദാബിയിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, തീവ്രവാദ ബന്ധം മുൻനിർത്തിയാണ് യുഎഇ അധികൃതർ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നത്. മുൻപ് തീവ്ര ആശയങ്ങളുടെ പേരിൽ ഒമാനിൽ പറക്കൽ വിലക്ക് നേരിട്ട വ്യക്തിയാണ് പ്രതിയായ സഹ പൈലറ്റ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
















Leave a Reply