ബെള്ളൂരിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊന്നു; പുലി ഇറങ്ങിയതെന്ന് സംശയം, നാട്ടുകാർ ഭീതിയിൽ

ബെള്ളൂർ: കാസർകോട് ബെള്ളൂരിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊന്നു. പ്രദേശത്ത് പുലി ഇറങ്ങിയതായാണ് സംശയം. ഇതോടെ വലിയ ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്.

ബെള്ളൂർ നാട്ടക്കല്ല് ജാലമൂലയിലെ ലീലയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെയാണ് വന്യജീവി ആക്രമിച്ചു കൊലപ്പെടുത്തിയത്. നായയുടെ പകുതിയോളം ശരീരഭാഗം വന്യജീവി ഭക്ഷിച്ച നിലയിലായിരുന്നു. പുലിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷയും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. നായയെ കടിച്ചുകൊന്നത് പുലിയാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് കർശന നിർദ്ദേശം നൽകി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാറഡുക്ക പഞ്ചായത്തിലെ നാലാം വാർഡിൽ പെട്ട ആലന്തടുക്ക ജയനഗറിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് വനംവകുപ്പ് ഇവിടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കെണിയിൽ വീണിരുന്നില്ല. ആലന്തടുക്കയിൽ കണ്ട അതേ പുലി തന്നെയാണ് ഇപ്പോൾ ബെള്ളൂരിലും എത്തിയിരിക്കുന്നതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വനംവകുപ്പ് ഉടൻ തന്നെ പ്രദേശത്ത് ശക്തമായ നിരീക്ഷണവും സുരക്ഷാ നടപടികളും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *