മഞ്ചേശ്വരം: റോഡ് നിർമ്മാണം നടക്കുന്നതിനായി അടച്ചിട്ട റോഡിലൂടെ അമിതവേഗതയിലെത്തി കുഴിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി. സംഭവത്തിൽ മീഞ്ച കുളൂർ കെമ്മങ്കള ചാർളയിലെ പ്രജ്വലിനെ (25) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്തുകയായിരുന്ന കർണാടക നിർമിത വിദേശമദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഉപ്പള ഗേറ്റിന് സമീപം ദേശീയപാതയുടെ കാസർകോട് ഭാഗത്തേക്കുള്ള സർവീസ് റോഡിനോട് ചേർന്നായിരുന്നു അപകടം. ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സർവീസ് റോഡിൽ ആറടി ആഴത്തിൽ ഓവുചാൽ നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ കോൺക്രീറ്റിങ് ജോലികൾ നടക്കുന്നതിനാൽ ഭഗവതി ഭാഗത്ത് റോഡ് പൂർണമായും അടയ്ക്കുകയും വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ തടസ്സങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ മുന്നറിയിപ്പുകൾ എല്ലാം അവഗണിച്ച് അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ നേരെ ഓവുചാലിനായി എടുത്ത ആറടി ആഴമുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം എസ്.ഐ കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻ മദ്യശേഖരം കണ്ടെത്തിയത്.
വ്യത്യസ്ത പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 180 മില്ലി ലീറ്ററിന്റെ 1483 കുപ്പികളും 90 മില്ലിയുടെ 763 ടെട്രാ പാക്കറ്റുകളുമാണ് കാറിലുണ്ടായിരുന്നത്. പ്രതി പ്രജ്വലിനെയും മദ്യം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.













Leave a Reply