വീട്ടിൽനിന്ന് 9 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതിക്ക് ഒരു വർഷം കഠിനതടവും പിഴയും

കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ കുബന്നൂർ വില്ലേജിൽ ദേർജാലിലെ വീട്ടിൽനിന്ന് ഒമ്പത് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേർജാൽ ഹൗസിലെ ഡി.എം. സക്കരിയ എന്ന ജിക്കി (38) യെയാണ് കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

2021 ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുബന്നൂർ വില്ലേജിലെ ദേർജാലിലുള്ള പ്രതിയുടെ കുടുംബവീട്ടിലെ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. അന്നത്തെ കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നൗഫലും സംഘവുമാണ് രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹനൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *