ഇന്ധനവില വർധന: കാഞ്ഞങ്ങാട് ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട്: രാജ്യത്ത് ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കാസർഗോഡ് ജില്ലയിലും ജനരോഷം ഇരമ്പുന്നു. വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ട്രെയിൻ തടയൽ സമരം വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് തടഞ്ഞായിരുന്നു പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടത്തോടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിന് മുന്നിൽ ട്രാക്കിൽ ഇരുന്ന് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ മുദ്രാവാക്യം മുഴക്കി. തുടർച്ചയായ ഇന്ധനവില വർധനവ് സാധാരണ ജനങ്ങളുടെ ജീവിതം പൂർണ്ണമായും ദുരിതത്തിലാക്കിയെന്നും, വർധിപ്പിച്ച നിരക്കുകൾ അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ട്രെയിൻ തടഞ്ഞതോടെ കുറച്ചു സമയത്തേക്ക് ഈ റൂട്ടിലെ ട്രെയിൻ സർവീസ് പൂർണ്ണമായി തടസ്സപ്പെട്ടു. പ്രതിഷേധക്കാർ ട്രാക്കിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് റെയിൽവേ പൊലീസും ഹോസ്ദുർഗ് പൊലീസും ചേർന്ന് പ്രവർത്തകരെ ട്രാക്കിൽ നിന്നും ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റവും തള്ളിക്കയറ്റവുമുണ്ടായി.

സമരത്തിന് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാർ നേതൃത്വം നൽകി. നിരവധി യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *