കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു; ദാരുണ മരണം വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ

കാസർകോട്: പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് സ്കൂൾ അധ്യാപകൻ മരിച്ചു. ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ വിജയൻ (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ തുമ്പോടിയിലെ ഒരു പറമ്പിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
തൊഴിലാളികൾക്കൊപ്പം പറമ്പിലെ കാട് വെട്ടിത്തെളിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിജയൻ മാസ്റ്റർ. ഇതിനിടെ മൺപുറ്റിൽ കൂടുണ്ടായിരുന്ന കടന്നലുകൾ ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. വിജയൻ മാസ്റ്റർക്കൊപ്പം ഉണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. ആക്രമണം ഉണ്ടായ ഉടൻ തന്നെ എല്ലാവരെയും ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി കുത്തേറ്റ വിജയൻ മാസ്റ്ററുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് തൊഴിലാളികൾ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഈ വർഷം ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വിജയൻ മാസ്റ്ററെ മരണം തട്ടിയെടുത്തത്. പ്രിയപ്പെട്ട അധ്യാപകന്റെ അപ്രതീക്ഷിത വേർപാടിൽ ബളാന്തോട് സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും നാടും വലിയ ദുഃഖത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *