മാട്രിമോണിയൽ സൈറ്റ് വഴി പരിചയപെട്ട് കാസർകോട്ടെ യുവതിയെ പീഡിപ്പിച്ചതായും പണം തട്ടിയതായും പരാതി; വടകര സ്വദേശിക്കെതിരെ കേസ്

കാസർകോട്: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വടകര സ്വദേശിയായ മുഹമ്മദ് ഷമ്മാസിനെതിരെയാണ് കാസർകോട് വിദ്യാനഗർ പോലീസ് കേസെടുത്തത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി മുഹമ്മദ് ഷമ്മാസ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതിയെ പീഡനത്തിനിരയാക്കുകയും വിവിധ ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
പണം തട്ടിയെടുത്ത ശേഷം പ്രതി യുവതിയുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിയുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. നിലവിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ പേർ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *