ഉള്ളാൾ: മംഗളൂരു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ വിപണി മൂല്യമുള്ള വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മുടിപ്പു കായർഗോളി ക്രോസിന് സമീപം ശനിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ അറസ്റ്റിലായി.
കൈരങ്ങല ഗൗസിയ കോമ്പൗണ്ടിൽ താമസിക്കുന്ന നവാസ് എന്ന ‘മുടിപ്പു നവാസ്’ (35), കൈരങ്ങല നട്ടിഹിതലു സ്വദേശി മുഹമ്മദ് ആരിഫ് എൻ (36), മത്തേബാര സ്വദേശി ലോയ്ഡ് ഡിസൂസ (35) എന്നിവരാണ് പിടിയിലായത്.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ നടപടി. ബെംഗളൂരുവിൽ നിന്ന് വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ച് പ്രദേശത്തെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വ്യാപകമായി വിൽപ്പന നടത്തുന്ന പ്രധാന സംഘമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
പിടിയിലായവരിൽ നിന്ന് എം.ഡി.എം.എയ്ക്ക് പുറമേ, നാല് മൊബൈൽ ഫോണുകളും ലഹരി കടത്താൻ ഉപയോഗിച്ച ഒരു ടെമ്പോയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാന പ്രതി സ്ഥിരം കുറ്റവാളി
അറസ്റ്റിലായ പ്രဓാന പ്രതി മുടിപ്പു നവാസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി 16-ഓളം കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, വഞ്ചന, കന്നുകാലി മോഷണം, ലഹരി കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ നിലവിലുണ്ട്.
ഈ മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
















Leave a Reply