കാസർകോട് തളങ്കരയിൽ യുവാവിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ തളങ്കര കടവത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ദാവണഗെരെ സ്വദേശി നജീം ആണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതക സാധ്യത സംശയിക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കടവത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് നജീമും മറ്റ് രണ്ടുപേരും ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇന്ന് (വ്യാഴം) വൈകുന്നേരത്തോടെ മുറിക്കകത്തുനിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുറത്തുനിന്ന് പൂട്ടിയ നിലയിലുള്ള മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.

വിവരമറിഞ്ഞ് കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. യുവാവിനൊപ്പം താമസിച്ചിരുന്ന മറ്റ് രണ്ടുപേരെ നിലവിൽ കാണാനില്ല. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *