കാസർകോട്: ബേക്കലിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ അജ്ഞാതരുടെ കല്ലേറ്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെ ബേക്കൽ കോട്ടക്കുന്നിന് സമീപത്തുവെച്ചായിരുന്നു സംഭവം.
ട്രെയിൻ കോട്ടക്കുന്നിനു സമീപത്തെ റെയിൽവേ ട്രാക്കിലൂടെ കടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി കല്ലെറിയുകയായിരുന്നു. കല്ലേറിൽ ട്രെയിനിന്റെ എ.സി കമ്പാർട്ട്‌മെന്റിന്റെ ജനൽച്ചില്ല് പൊട്ടിത്തകർന്നു. ചില്ല് തകർന്നുവെങ്കിലും കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
സംഭവത്തെ തുടർന്ന് റെയിൽവേ പോലീസും ലോക്കൽ പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.













Leave a Reply