കാസർകോട്: ഭരണപരാജയങ്ങൾക്കും സമൂഹത്തിൽ രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കാനുള്ള എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ നീക്കങ്ങൾക്കുമെതിരെ ബിജെപി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ജനസഭ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ആറിനെതിരായ പോരാട്ടം നടത്തുന്ന ഇണ്ടി മുന്നണി സ്വന്തം മുഖ്യമന്ത്രിമാരോട് ആദ്യം രാജിവെച്ച് മാതൃകയാകാൻ ആവശ്യപ്പെടണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കാരായ പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ദൗത്യമാണ് വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നത്. ഡൽഹിയിലേക്കുള്ള യാത്രയിൽ കേരള അതിർത്തിവരെ രണ്ട് സംഘങ്ങളായി സഞ്ചരിച്ച ഇടത്-വലത് മുന്നണികൾ, അതിർത്തി കടന്നതോടെ ഒറ്റക്കെട്ടായി മോദിവിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത് സ്വന്തം അണികളോടുള്ള വഞ്ചനയാണെന്നും അവർ ആരോപിച്ചു.
പ്രതിപക്ഷത്തിന് അർഹമായ സ്ഥാനം നൽകാൻ ബിജെപി എക്കാലവും തയ്യാറായിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും മാർച്ച് നടത്തി ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ ആചാരലംഘന നീക്കങ്ങൾക്കിടെ നിരോധനാജ്ഞ പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയും പിണറായി വിജയനും, രാജ്യ തലസ്ഥാനത്തെ സുരക്ഷാ നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവരുന്നത് പരിഹാസ്യമാണ്. ബിജെപി നേതാക്കൾ പല സമരങ്ങളിലും രൂക്ഷമായ മർദ്ദനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഇരവാദം ഉയർത്തുകയോ പൊലീസിനെതിരെ തിരിയുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ജനസഭയിൽ ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് അശ്വിനി എം.എൽ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂർ മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗങ്ങളായ വി. രവീന്ദ്രൻ, അഡ്വ. ബാലകൃഷ്ണ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചർ, രവീശ തന്ത്രി കുണ്ടാർ, പ്രമീള സി. നായിക്, എ. വേലായുധൻ, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സീന ശശി, എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. കയ്യാർ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജ്നാനി ഷാൻബാഗ്, കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. ജനനി തുടങ്ങിയവർ സംസാരിച്ചു.
ജനസഭയ്ക്ക് മുന്നോടിയായി കറന്തക്കാട് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.













Leave a Reply