കാസർകോട്: തളങ്കര സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ട നടപടി ഗൗരവകരമായ ആശങ്കയുയർത്തുന്നതാണെന്ന് കല്ലട്ര മാഹിൻ എം.എൽ.എ. വർഗീയതയുടെ പേരിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളിൽ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ഉറപ്പാക്കുക എന്നത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കേസുകളിൽ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുകയും അന്വേഷണവും പ്രോസിക്യൂഷനും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സാഹചര്യത്തിൽ കോടതി വിധിയിലെ നിരീക്ഷണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിലോ പ്രോസിക്യൂഷൻ നടപടികളിലോ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്ന് വസ്തുതാപരമായി വിലയിരുത്തണമെന്നും, അപ്പീൽ ഉൾപ്പെടെയുള്ള തുടർനിയമനടപടികൾക്ക് സാധ്യതയുണ്ടെങ്കിൽ അവ പരിശോധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വർഗീയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും നിയമത്തിന് മുന്നിൽ തുല്യരായിരിക്കണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥയാണ് ഉറപ്പാക്കേണ്ടത്. മതസൗഹാർദവും നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കുന്നതിനൊപ്പം സൈനുൽ ആബിദിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള നിയമപരമായ എല്ലാ സാധ്യതകളും ഗൗരവമായി പരിഗണിക്കണമെന്നും കല്ലട്ര മാഹിൻ എം.എൽ.എ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.













Leave a Reply