കാസർകോട്: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായതോടെ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം. ഇന്ന് കാസർകോട് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ തീരദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്താകെ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട് അടക്കം എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നത്തെ മഴ മുന്നറിയിപ്പ് ഒറ്റനോട്ടത്തിൽ
- ഓറഞ്ച് അലർട്ട് (തീവ്രമഴ സാധ്യത): ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
- യെല്ലോ അലർട്ട് (ശക്തമായ മഴ): കാസർകോട്, കണ്ണൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.
ഓണനാളുകളിലും മഴ തുടരും
ഉത്രാടം, തിരുവോണം നാളുകളിലും സംസ്ഥാനത്ത് മഴ സാധ്യത നിലനിൽക്കുന്നുണ്ട്:
- ഉത്രാട ദിനം (നാളെ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 9 ജില്ലകളിൽ യെല്ലോ അലർട്ട്.
- തിരുവോണ ദിനം: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 4 ജില്ലകളിൽ യെല്ലോ അലർട്ട്.
കാസർകോട് തീരദേശത്ത് ജാഗ്രത; മത്സ്യബന്ധനത്തിന് വിലക്ക്
കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ഈ മാസം 26 വരെ കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.













Leave a Reply