വിദ്യാനഗർ ബി.സി. റോഡിൽ നടപ്പാതയിൽ ഗർത്തം; കാൽനടയാത്രക്കാർ ദുരിതത്തിൽ

വിദ്യാനഗർ: ദേശീയപാത 66 തലപ്പാടി-ചെങ്കള റീച്ചിലെ വിദ്യാനഗർ ബി.സി. റോഡ് സർവീസ് റോഡിനോട് ചേർന്നുള്ള നടപ്പാതയിൽ വലിയ ഗർത്തം രൂപപ്പെട്ടു. കാസർകോട് നഗരത്തിൽനിന്ന് ചെർക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള ആദ്യ എൻട്രിയോട് ചേർന്ന നടപ്പാതയിലാണ് അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.

നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളടക്കം ദിവസേന നൂറുകണക്കിന് കാൽനടയാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. സർവീസ് റോഡിനോട് ചേർന്ന് കേബിളുകൾ ഇടുന്നതിനായി നിർമ്മിച്ച കുഴിയുടെ കോൺക്രീറ്റ് സ്ലാബ് പൂർണമായും തകർന്നതാണ് വലിയ ഗർത്തം ഉണ്ടാകാൻ കാരണമായത്. സ്ലാബ് തകർന്നത് ശ്രദ്ധയിൽപ്പെടാതെ കാൽനടയാത്രക്കാരോ ഇരുചക്രവാഹനങ്ങളോ ഇതിൽ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

നിലവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നാട്ടുകാർ ചേർന്ന് ടയറുകളും മറ്റ് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് കുഴിക്ക് ചുറ്റും താത്കാലിക സുരക്ഷാവലയം ഒരുക്കിയിട്ടുണ്ട്. ഇതുവഴിയുള്ള കാൽനടയാത്രയും ഇരുചക്രവാഹന യാത്രയും ഏറെ ഭീതിയോടെയാണ് പ്രദേശവാസികൾ തുടരുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് തകർന്ന സ്ലാബ് പുനഃസ്ഥാപിച്ച് നടപ്പാത പൂർവസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *