കാഞ്ഞങ്ങാട്: ജീവിതത്തിലെ നിർണായകമായ രണ്ട് ദൗത്യങ്ങളും ഒരേ ദിനം വിജയകരമായി പൂർത്തിയാക്കി ശ്രദ്ധേയയായിരിക്കുകയാണ് നവവധു പി. അശ്വതി. പരീക്ഷാ ഹാളിലെ തിടുക്കത്തിൽ നിന്ന് നേരെ കതിർമണ്ഡപത്തിലെത്തി നിശ്ചിത മുഹൂർത്തത്തിൽ തന്നെ താലികെട്ട് പൂർത്തിയാക്കിയാണ് അശ്വതി മാതൃകയായത്. തായന്നൂർ ചിറ്റിക്കോട്ട് സായി സദനത്തിലെ കെ. ഉണ്ണിക്കൃഷ്ണന്റെയും പി. രാഗിണിയുടെയും മകളായ അശ്വതി, പാണത്തൂർ ജി.ഡബ്ല്യു.എച്ച്.എസിലെ താത്കാലിക അധ്യാപികയാണ്.
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം എം.കോം നാലാം സെമസ്റ്ററിലെ ‘മാനേജ്മെന്റ് ഒപ്റ്റിമൈസേഷൻ ടെക്നിക്’ പരീക്ഷ യഥാർഥത്തിൽ ഓഗസ്റ്റ് രണ്ടിനായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ ശക്തമായ കാലവർഷത്തെ തുടർന്ന് മാറ്റിവെച്ച പരീക്ഷ വിവാഹദിനത്തിൽ തന്നെ പുനർനിശ്ചയിക്കുകയായിരുന്നു. വിവാഹത്തിന് ഒരാഴ്ച മുൻപാണ് പരീക്ഷാ തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയത്. ഇതോടെ പരീക്ഷ എഴുതിയേ തീരൂ എന്ന അശ്വതിയുടെ തീരുമാനത്തിന് ബെംഗളൂരുവിൽ ജിം പരിശീലകനായ വരൻ കെ. ഹരികൃഷ്ണനും ഇരു കുടുംബങ്ങളും പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നു.
വിവാഹത്തലേന്ന് തന്നെ അരിയുഴിയൽ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. വിവാഹദിനത്തിൽ പുലർച്ചെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി അച്ഛനും സഹോദരനുമൊപ്പം വെള്ളിക്കോത്തെത്തി മേക്കപ്പ് പൂർത്തിയാക്കി രാവിലെ ഒൻപതോടെ പരീക്ഷാ കേന്ദ്രമായ പടന്നക്കാട് നെഹ്റു കോളേജിലേക്ക് തിരിച്ചു. കോളേജ് അധികൃതർ ഒരുക്കിയ പ്രത്യേക സൗകര്യത്തിൽ പരീക്ഷ വേഗത്തിൽ എഴുതി പൂർത്തിയാക്കി പതിനൊന്നരയോടെ തായന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി. തുടർന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ (11.30 – 12.05) പറക്കളായി വയമ്പിൽ വീട്ടിലെ പി. ബാലഗോപാലന്റെയും കെ. ജയയുടെയും മകനായ ഹരികൃഷ്ണൻ അശ്വതിക്ക് താലി ചാർത്തി.













Leave a Reply