കാസർകോട്: നബിദിനാഘോഷങ്ങളുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്ക് സ്നേഹസമ്മാനവുമായി മുഹിമ്മാത്തുൽ മുസ്‌ലിമീൻ എജ്യൂക്കേഷൻ സെന്റർ. ആശുപത്രിയിലെ മുന്നൂറിലേറെ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഫ്രൂട്ട്‌സ് കിറ്റുകൾ വിതരണം ചെയ്തും ക്ഷേമാന്വേഷണങ്ങൾ നടത്തിയുമാണ് മുഹിമ്മാത്ത് പ്രവർത്തകർ മാതൃകയായത്.
മുഹിമ്മാത്ത് മദ്ഹുറസൂൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്ത് ദിവസത്തെ മീലാദുന്നബി ആഘോഷങ്ങളുടെ ഭാഗമായാണ് ‘കാരുണ്യ സ്പർശം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പ്രവാചക ചര്യയിലെ പ്രധാന ഘടകങ്ങളായ രോഗസന്ദർശനവും അന്നദാനവും മുൻനിർത്തിയായിരുന്നു സന്ദർശനം.
ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യം
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കാസർകോട് ജനറൽ ആശുപത്രിയുമായി ചേർന്ന് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് മുഹിമ്മാത്ത് നടത്തിവരുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ ഹീറ്റർ, വീൽ ചെയർ, സ്‌ട്രെച്ചർ തുടങ്ങിയ വിവിധ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കിയതിന് പുറമെ പ്രസവ വാർഡ് നവീകരണം, മോർച്ചറിയിലെ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങിയ ഒട്ടനവധി സേവനങ്ങളും സ്ഥാപനം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.
ഉദ്ഘാടനവും നേതൃത്വവും
ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ട്രഷറർ ഹാജി അമീറലി ചൂരി അധ്യക്ഷത വഹിച്ചു. സീനിയർ ഡോക്ടർ ജനാർദനൻ നായിക്ക്, ഡോ. നിഖിൽ, നഴ്‌സിംഗ് സൂപ്രണ്ട് നിർമ എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.
മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂർ സ്വാഗതം ആശംസിച്ചു. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുൽ ഫത്താഹ് സഅദി, മുഹമ്മദ് മുസ്‌ലിയാർ തുപ്പക്കൽ, റൗഫ് തെക്കിൽ, നാഷണൽ ഉമൈർ, സഖാഫി കളത്തൂർ അബ്ദുള്ള, അബ്ദുറഹ്മാൻ കട്ടനടുക്ക, സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.













Leave a Reply