പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.

ഹൃദയവാല്‍വിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്താമെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവ് കാരണം തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടിവന്നുവെന്നും ഇത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. രാത്രി ഒമ്പത് മണിയോടെയാണ് രോഗി മരിച്ച വിവരം അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നത്.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധുക്കള്‍ സംസാരിച്ചു. ശസ്ത്രക്രിയയില്‍ വീഴ്ച സംഭവിച്ചതായി അധികൃതര്‍ സമ്മതിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ നിലവില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിയമനടപടികള്‍ ഉറപ്പാക്കിയ ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *