‘ഓപ്പറേഷൻ സ്‌പാ’: കാഞ്ഞങ്ങാട്ടെ എട്ട് കേന്ദ്രങ്ങളിൽ പൊലീസിന്റെ വ്യാപക പരിശോധന

കാഞ്ഞങ്ങാട്: സ്‌പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് കാഞ്ഞങ്ങാട്ടെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സ്‌പാ’യുടെ ഭാഗമായാണ് നഗരത്തിലും പരിസരങ്ങളിലുമുള്ള എട്ട് കേന്ദ്രങ്ങളിൽ ഒരേസമയം മിന്നൽ പരിശോധന അരങ്ങേറിയത്.

കാഞ്ഞങ്ങാട് നഗരപരിധിയിലെ നാല് സ്‌പാ കേന്ദ്രങ്ങളിലും, വിവിധ റിസോർട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് സ്‌പാകളിലുമാണ് പരിശോധന നടന്നത്. കാഞ്ഞങ്ങാട്, രാജപുരം, ചിറ്റാരിക്കാൽ, നീലേശ്വരം എന്നീ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലായിരുന്നു സംഘങ്ങളായി തിരിഞ്ഞുള്ള നടപടി.

ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ പൂർണ്ണ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഉത്തരേന്ത്യ, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള യുവതികൾക്ക് പുറമെ മലയാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ തിരിച്ചറിയൽ രേഖകൾ, ജോലി ചെയ്യാനാവശ്യമായ ഔദ്യോഗിക യോഗ്യതകൾ, സ്ഥാപനങ്ങളുടെ ലൈസൻസ് എന്നിവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ചട്ടലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *