നേപ്പാൾ മിന്നൽപ്രളയം: കാസർകോട് സ്വദേശികൾ ഉൾപ്പെടെ 36 അംഗ മലയാളി സംഘം നാട്ടിലേക്ക് തിരിച്ചു

കാസർകോട്: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദയാത്രാ സംഘം ദുരന്തമുഖത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ നേപ്പാൾ അതിർത്തി കടന്ന സംഘം ഉത്തർപ്രദേശിലെ ഗൊരഖ്പുർ വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു. ഇവിടെ നിന്നും രണ്ട് വിമാനങ്ങളിലായാണ് സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.

ഗൊരഖ്പുരിൽ നിന്നും ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിക്കും. നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. കാസർകോട് നിന്നുള്ള സംഘം ബെംഗളൂരുവിൽ വിമാനമിറങ്ങിയ ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് എത്തും. ബാക്കിയുള്ളവർ രാത്രിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരും.

സംഘത്തിലുള്ള കാസർകോട് സ്വദേശികൾ:

  • രാജൻ (പെരിയ പോളിടെക്നിക് അധ്യാപകൻ, ചെറുവത്തൂർ സ്വദേശി)
  • അനിൽ നീലാംബരി (അധ്യാപകൻ)
  • പ്രദീപ് കുമാർ (മുൻ എസ്.ഐ)
  • കരുണാകരൻ (കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥൻ)
  • രാജീവൻ (മുഴക്കോയ സ്വദേശി)

ഭീതി വിതച്ച നിമിഷങ്ങൾ; കാട്ടിലൂടെ രക്ഷായാത്ര

എറണാകുളത്തെ ട്രാവൽ ഏജൻസി വഴി ഈ മാസം 23-നാണ് 36 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് വിനോദയാത്ര തിരിച്ചത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 25-ന് കാഠ്മണ്ഡുവിൽ എത്തിയ സംഘം, അവിടെനിന്ന് പൊഖാറയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിന്നൽപ്രളയത്തിൽ അകപ്പെട്ടത്.

കൺമുന്നിലൂടെ വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്നതും ആളുകളുടെ കൂട്ടനിലവിളിയുമാണ് കേട്ടതെന്ന് സംഘത്തിലുണ്ടായിരുന്ന അനിൽ നീലാംബരി പറഞ്ഞു. നിമിഷനേരം കൊണ്ട് റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. തുടർന്ന് മറ്റൊരു വഴിയിലൂടെ കൊടുംകാട്ടിലൂടെയാണ് വാഹനം മുന്നോട്ട് പോയത്.

വെളിച്ചം പോലുമില്ലാത്ത കൊടുംകാട്ടിൽ മണിക്കൂറുകളോളമാണ് സംഘം ഭീതിയിലായത്. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യത്തിൽ വാഹനത്തിലുണ്ടായിരുന്ന ആപ്പിൾ കഴിച്ചാണ് വിശപ്പടക്കിയത്. ഒടുവിൽ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലെത്തിയപ്പോഴാണ് ജീവൻ തിരികെ കിട്ടിയ ആശ്വാസമുണ്ടായതെന്നും യാത്രാസംഘം വ്യക്തമാക്കി. ദുരന്തവാർത്തയറിഞ്ഞ് നാട്ടിലെ ബന്ധുക്കൾ കടുത്ത ആശങ്കയിലായിരുന്നു. ജനപ്രതിനിധികളുടെയും അധികൃതരുടെയും ഇടപെടലുകൾ രക്ഷാപ്രവർത്തനവും മടക്കയാത്രയും വേഗത്തിലാക്കാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *