ആലപ്പുഴ/താഷ്‌കെന്റ്: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരിച്ചത്. വ്യക്തിപരമായ തർക്കങ്ങളെത്തുടർന്ന് സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്‌ബെക്കിസ്താനിൽ അറസ്റ്റിലായിട്ടുണ്ട്.
ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാവരിയയെ ഫോണിൽ വിളിച്ച് ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലുള്ള വീട്ടുകാർ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പ്രതി സദറുൽ അനം നിലവിൽ ഉസ്‌ബെക്കിസ്താൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. തർക്കത്തിനിടയിലുണ്ടായ ശക്തമായ അടിയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വിദേശത്തുനിന്നും ഡൽഹിയിൽ എത്തിച്ച സാവരിയയുടെ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഉസ്‌ബെക്കിസ്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.















Leave a Reply