ചെന്നൈ: തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപാകെ സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ മെട്രോ മൂന്നാം ഘട്ടം, വിവിധ റെയിൽപാതകളുടെ ഇരട്ടിപ്പിക്കൽ, കേന്ദ്രം തടഞ്ഞുവെച്ച ഫണ്ടുകൾ റിലീസ് ചെയ്യുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.
ഐഐടി മദ്രാസ് ക്യാമ്പസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ തമിഴ്നാട്ടിലുടനീളം നടപ്പിലാക്കുന്ന 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യ വികസനം, ഊർജ സംഭരണം, മെട്രോ റെയിൽ, ദേശീയപാത, തുറമുഖം, പെട്രോളിയം, ശാസ്ത്ര ഗവേഷണം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി–വടപളനി റൂട്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രധാന ആവശ്യങ്ങൾ:
- മെട്രോ, റെയിൽവേ വികസനം: ചെന്നൈ മെട്രോ റെയിൽ മൂന്നാം ഘട്ടത്തിന് വേഗത്തിലുള്ള അനുമതി, കോയമ്പത്തൂർ, മധുരൈ മെട്രോ പദ്ധതികൾ, അന്തർസംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്ന ഹൊസൂർ–ബൊമ്മനസാന്ദ്ര ലൈൻ എന്നിവ നടപ്പാക്കണം.
- അതിവേഗ റെയിൽപാത: സംസ്ഥാനത്തിനായി അതിവേഗ റെയിൽപാത അനുവദിക്കുന്നതിനൊപ്പം ചെന്നൈ–കന്യാകുമാരി, ചെന്നൈ–കോയമ്പത്തൂർ പാതകളുടെ നവീകരണവും വികസനവും വേഗത്തിലാക്കണം.
- റോഡ് അടിസ്ഥാനസൗകര്യം: പ്രധാന ദേശീയപാതകൾ ആറുവരിപ്പാതയാക്കുന്നതിന് മുൻഗണന നൽകണം.
- നദീസംയോജനം: ഗോദാവരി–കാവേരി നദീസംയോജന പദ്ധതിക്ക് ദേശീയ മുൻഗണന നൽകി നടപ്പാക്കണം.
- ഭാഷാപരമായ ആവശ്യം: മദ്രാസ് ഹൈക്കോടതിയിലെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കണം.
- കേന്ദ്ര ഫണ്ട്: തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ അഭിയാൻ (എസ്എസ്എ) പദ്ധതിയുടെ 5,110 കോടി രൂപ ഉടൻ അനുവദിക്കണം.
അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത ഐഐടി മദ്രാസിലെ ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരത്തിന് പകരം ദേശീയ ഗാനം ആലപിച്ചാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തും’ ആലപിച്ചു. തമിഴ്നാട് ഗവർണർ രാജേന്ദ്ര ആർലേക്കറും ചടങ്ങിൽ സന്നിഹിതനായിരുന്നു.
















Leave a Reply