പയ്യന്നൂർ: മാതാവിനും ബന്ധുക്കൾക്കുമൊപ്പം തോട്ടിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻ പീടികയിലെ പി.ടി.പി. ജാബിർ – അമീറ ദമ്പതികളുടെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ പൂമംഗലം തോട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം കൊടിലേരി പാലത്തിന് സമീപത്ത് വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഞായറാഴ്ച അവധിയായതിനാൽ താഴെ ചൊറുക്കളയിലുള്ള പിതാവ് കെ.പി. ഇമ്മറിന്റെ വീട്ടിൽ എത്തിയതായിരുന്നു അമീറയും മക്കളും. തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന എട്ടംഗ സംഘം വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പൂമംഗലം തോട്ടിൽ കുളിക്കാനായി ഇറങ്ങുകയായിരുന്നു.
കുളിക്കുന്നതിനിടയിൽ ആദ്യം ഒഴുക്കിൽപ്പെട്ട 13 വയസ്സുകാരനെ ബന്ധുക്കൾ സമയോചിതമായി രക്ഷിച്ച് കരയ്ക്കടുപ്പിച്ചു. എന്നാൽ ഇതിനിടയിലാണ് മൂന്ന് വയസ്സുകാരനായ മുഹമ്മദ് നജ്‌മാനെ കാണാതായ വിവരം മറ്റുള്ളവർ അറിയുന്നത്.
ഉടൻ തന്നെ വിവരമറിഞ്ഞ് നാട്ടുകാരും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഞായറാഴ്ച രാത്രി എട്ട് മണി വരെ പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചതോടെയാണ് പൂമംഗലം തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്താനായത്.
പരേതനായ മുഹമ്മദ് നജ്‌മാന്റെ സഹോദരി നജയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.













Leave a Reply