നീറ്റ് പരീക്ഷാ ക്രമക്കേട്: കുമ്പളയിൽ ദേശീയപാത ഉപരോധിച്ച് എം.എസ്.എഫ്; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

കുമ്പള: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിലും പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര സർക്കാർ അനാസ്ഥയിലും പ്രതിഷേധിച്ച് കുമ്പളയിൽ എം.എസ്.എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഇരമ്പിയത്.

ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി. കാൽ മണിക്കൂറോളം നീണ്ട ഉപരോധത്തെത്തുടർന്ന് പാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് കുമ്പള പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സവാദ് അംഗടിമുഗർ, ജില്ലാ ട്രഷറർ സർഫ്രാസ് ബന്തിയോട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ജംഷീർ മൊഗ്രാൽ, റാസിക്ക് മൈമൂനഗർ, നിസാർ കൊക്കച്ചാൽ, അൻസാർ വോർക്കാടി, ഷുഹൈദ് ചളിയങ്കോട്, നാഫി ബംബ്രാണ, ഹാഷിർ ആരിക്കാടി, ഹാഷിർ വളവിൽ, രിഫായി കുമ്പള തുടങ്ങിയ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *