കാസർകോട്: അന്താരാഷ്ട്ര ലഹരി നിർമാണ-വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് 150 ഗ്രാം മെതാംഫെറ്റമിൻ കടത്തിയ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാസർകോട് അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ടി. എച്ച്. രജിതയാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അതേസമയം, തെളിവുകളുടെ അഭാവത്തിൽ നാലാം പ്രതിയായിരുന്ന സൂരജിനെ കോടതി വെറുതെവിട്ടു.
ചട്ടഞ്ചാൽ തൈര സ്വദേശി അബൂബക്കർ (38), ഭാര്യ അമീന അശ്റ (35), ബംഗളൂരു സ്വദേശി വസീം അക്രം (35), നൈജീരിയൻ സ്വദേശികളായ ഹഫ്സ റിഹാനത്ത് ഉസ്മാൻ എന്ന ബ്ലസിങ് ജോയ് (25), ഉക്ക മോസസ് (41) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിധി പ്രഖ്യാപിക്കുന്ന വേളയിൽ കോടതിയിൽ ഹാജരാകാതിരുന്ന ഒന്നും രണ്ടും പ്രതികളായ അബൂബക്കർ, അമീന അശ്റ എന്നിവർക്കെതിരെ കോടതി വാറൻ്റ് പുറപ്പെടുവിച്ചു.
സംഭവം ഇങ്ങനെ:
2023 ഏപ്രിൽ 21-നാണ് കേസിനാസ്പദമായ സംഭവം. കാറിൽ കടത്തുകയായിരുന്ന 150 ഗ്രാം മെതാംഫെറ്റമിനുമായി ഉദുമ പള്ളത്തുവെച്ച് ബേക്കൽ പൊലീസാണ് ഒന്നു മുതൽ നാലു വരെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്നത്തെ ബേക്കൽ എസ്.ഐ പ്രദീപ് പി.കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്നാം പ്രതി അബൂബക്കറിൻ്റെ അടിവസ്ത്രത്തിലും കാറിൻ്റെ ഡാഷ് ബോർഡിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
തുടർന്ന് പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നൈജീരിയൻ പൗരന്മാരിലേക്ക് എത്തിയത്. തുടർന്ന് ഇവരെ ബംഗളൂരുവിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2023 മുതൽ ഇവർ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. ഡൽഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് നിർമാണവും വിതരണവും നടത്തിവന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണികളാണ് പിടിയിലായ വിദേശികൾ.
വിദ്യാഭ്യാസ വിസയിലെത്തിയ ഇവർ വിസ കാലാവധി കഴിഞ്ഞിട്ടും രേഖകളോ പാസ്പോർട്ടോ ഇല്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങി വരികയായിരുന്നു. വ്യാജ സിം കാർഡുകൾ വഴി വാട്സ്ആപ്പിലൂടെ ലൊക്കേഷൻ അയച്ചുനൽകിയും നിർദ്ദിഷ്ട അക്കൗണ്ടുകളിലേക്ക് പണം വാങ്ങിയുമായിരുന്നു ഇവരുടെ ഇടപാടുകൾ.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്നത്തെ ജില്ലാ പൊലീസ് മേധാവി ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഫോണുകളിലെ വാട്സ്ആപ്പ് ചാറ്റുകളും കോൾ റെക്കോർഡുകളും പ്രോസിക്യൂഷന് നിർണായക തെളിവുകളായി മാറി. ഒന്നാം പ്രതി അബൂബക്കറും ആറാം പ്രതി ഉക്ക മോസസും കർണാടകയിലെ മറ്റ് എൻ.ഡി.പി.എസ് കേസുകളിലും പ്രതികളാണ്.
മുൻ ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ യു. വിപിനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 149 രേഖകളും എട്ടോളം തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ലോഹിതാക്ഷൻ ഇടയില്ലം, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.













Leave a Reply