പഴയങ്ങാടി എംഡിഎംഎ വേട്ട: ഉപ്പള സ്വദേശി പിടിയിൽ

കണ്ണൂർ/കാസർകോട്: പഴയങ്ങാടിയിൽ വൻതോതിൽ എംഡിഎംഎ (MDMA) പിടികൂടിയ കേസിൽ പ്രധാന പ്രതികളിൽ ഒരാളെ കൂടി പൊലീസ് വലയിലാക്കി. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഉപ്പള കോടിബയലിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സെയ്ദ് റമീസ് റാസയെയാണ് നാർക്കോട്ടിക് സെൽ ഡാൻസാഫ് ടീം പിടികൂടിയത്.

2026 മെയ് 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മാടായി പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപം വാഹനത്തിലും വീട്ടിലും നടത്തിയ മിന്നൽ പരിശോധനയിൽ 133.43 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി സ്വദേശി സി.എച്ച്. ഷിഹാബിനെ അന്ന് തന്നെ ഇൻസ്പെക്ടറും എസ്.ഐ. സുഹൈലും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തനിക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് സെയ്ദ് റമീസ് റാസയാണെന്ന് ഷിഹാബ് പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി വരികയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഡാൻസാഫ് സംഘം കാസർകോട്ടുനിന്ന് കസ്റ്റഡിയിലെടുത്ത് പഴയങ്ങാടി പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *