മട്ടലായിയിൽ ദേശീയപാതയിലെ വിള്ളൽ ഭീതി വർധിക്കുന്നു; സംരക്ഷണ ഭിത്തിയിലും വിള്ളൽ, ഷീറ്റടിച്ചു മറക്കാൻ നീക്കമെന്ന് ആക്ഷേപം

ചെറുവത്തൂർ: ചെറുവത്തൂർ മട്ടലായിയിൽ ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട സംഭവത്തിൽ ആശങ്കയൊഴിയുന്നില്ല. റോഡിന് പിന്നാലെ പാതയുടെ വശത്തെ സുരക്ഷാ ഭിത്തിയിലും ഇപ്പോൾ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നിർമ്മാണത്തിലെ അപാകതകൾ പുറത്തറിയാതിരിക്കാൻ വിള്ളൽ വീണ ഭാഗങ്ങൾ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചതായും നാട്ടുകാർ ആരോപിക്കുന്നു.
വളരെ താഴ്ന്ന മേഖലയായ മട്ടലായിയിൽ ചതുപ്പുനിലം വേണ്ടത്ര പരിശോധനകളില്ലാതെ മണ്ണിട്ട് നികത്തി ഉയർത്തിയതാണ് തകർച്ചയ്ക്ക് കാരണമായത്. പഴയ ദേശീയപാത ഉറപ്പുള്ള പാറക്കെട്ടിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇതിനോട് ചേർന്ന് വയൽ നികത്തി നിർമ്മിച്ച പുതിയ പാതയുടെ അടിത്തറ ആദ്യ മഴയിൽ തന്നെ ഇളകുകയായിരുന്നു. റോഡിലെ വിള്ളൽ അടയ്ക്കാൻ കരാർ കമ്പനി ശ്രമം നടത്തുന്നതിനിടെയാണ് ഇപ്പോൾ പാർശ്വഭിത്തിയിലും വിള്ളൽ കണ്ടുതുടങ്ങിയത്. ഇതോടെ റോഡ് തന്നെ ഇടിഞ്ഞു താഴുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
രണ്ട് തരം മണ്ണുകൾ ചേരുന്നതിലെ പ്രശ്‌നമാണെന്ന് കരാർ കമ്പനി നിസ്സാരവൽക്കരിക്കുമ്പോഴും വലിയ അപകടസാധ്യതയാണ് പ്രദേശത്തുള്ളത്. വിള്ളൽ വീണ ഭാഗം വെറുതെ പൊളിച്ച് വീണ്ടും മണ്ണിട്ട് പഴയതുപോലെ നിർമ്മാണം തുടർന്നാൽ വരുന്ന കാലവർഷത്തിൽ പാത പൂർണ്ണമായും തകർന്നുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. ഇവിടെ കൃത്യമായ ശാസ്ത്രീയ പഠനം നടത്തി അടിത്തറ ബലപ്പെടുത്തിയ ശേഷം മാത്രമേ ബാക്കി നിർമ്മാണം നടത്താവൂ എന്നാണ് ഉയരുന്ന ആവശ്യം.
സംഭവം ഗൗരവമായതോടെ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എഞ്ചിനീയർമാർ, ജിയോളജിസ്റ്റ്, സോയിൽ കൺസർവേറ്റർ എന്നിവരടങ്ങുന്ന ഉന്നതതല സമിതി സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടും പരിശോധനയിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *