വിദ്യാനഗർ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ആവിഷ്കരിച്ച ‘മത്സ്യഗ്രാമം’ പദ്ധതി പ്രകാരം കാസർകോട്ട് എത്തിച്ച അത്യാധുനിക വാഹനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. ആധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള, ഓരോന്നിനും ഏകദേശം 16 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 11 വാഹനങ്ങളാണ് രണ്ട് മാസത്തോളമായി കളക്ടറേറ്റ് വളപ്പിൽ വെറുതെ കിടക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ആധുനിക മത്സ്യഗ്രാമം പദ്ധതി വഴിയാണ് ഈ വാഹനങ്ങൾ അനുവദിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിലാണ് പദ്ധതിക്കാവശ്യമായ തുക വിനിയോഗിക്കുന്നത്. കേരളത്തിൽ കേരളാ സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്.
ജില്ലയിലെ ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നിവിടങ്ങളിലെ അഞ്ചുപേരടങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്തൃ ഗ്രൂപ്പുകൾക്കാണ് വാഹനങ്ങൾ കൈമാറേണ്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഹനങ്ങൾ തൊഴിലാളികൾക്ക് വിട്ടുനൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
വാഹനങ്ങളുടെ രജിസ്ട്രേഷൻ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് കാലതാമസത്തിന് ഇടയാക്കിയതെന്നും, നടപടികൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം വാഹനങ്ങൾ കൈമാറുമെന്നും കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ റീജണൽ മാനേജർ ആഷിക് ബാബു വ്യക്തമാക്കി.













Leave a Reply