ഉപ്പള ഗേറ്റിൽ കാത്തിരിക്കുന്നത് വൻ അപകടം; ഓവുചാൽ കുഴിയിൽ ബൈക്ക് വീണു, നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധം ശക്തം

ഉപ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പള ഗേറ്റിന് സമീപം നിർമ്മാണം നടക്കുന്ന ഓവുചാൽ കുഴി യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. ഓവുചാലിലേക്ക് ബൈക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരന്നു.

ശനിയാഴ്‌ച ഉച്ചയോടെയാണ് ഉപ്പള ഗേറ്റിന് സമീപത്തെ സർവീസ് റോഡിലെ ഓവുചാലിൽ വെള്ളത്തിൽ ഹെൽമെറ്റ് പൊങ്ങിക്കിടക്കുന്നതും സമീപത്ത് ചെരിപ്പുകൾ ഉപേക്ഷിച്ച നിലയിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും ദേശീയപാത അധികൃതരും പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കർണാടക രജിസ്ട്രേഷനിലുള്ള ബൈക്ക് കുഴിയിൽ കണ്ടെത്തിയത്. എന്നാൽ വെള്ളത്തിൽ യാത്രക്കാരനെ കാണാത്തത് വലിയ ആശങ്കയ്ക്ക് കാരണമായി.

തുടർന്ന് മഞ്ചേശ്വരം പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്തിന് ഉപയോഗിച്ച ശേഷം മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചതാണോ എന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു.

മദ്യലഹരിയിലായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്ക് ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ യുവാവ് കുഴിയിൽ നിന്ന് സ്വയം കയറി രക്ഷപ്പെട്ടെങ്കിലും, ലഹരി മൂലം സ്ഥലം തിരിച്ചറിയാനാകാതെ അലഞ്ഞുതിരിയുകയായിരുന്നു. തുടർന്ന് ബൈക്ക് വീണ സ്ഥലം കണ്ടെത്താനാകാതെ തിരയുന്നതിനിടെയാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം പൊലീസ് ബൈക്ക് യുവാവിന് വിട്ടുനൽകി.

ദുരിതമായി നീളുന്ന നിർമ്മാണ പ്രവൃത്തി ഏഴ് മാസത്തോളമായി ഉപ്പള ഗേറ്റിന് സമീപത്തെ സർവീസ് റോഡിൽ ഓവുചാലിന്റെ പ്രവൃത്തി നടക്കുകയാണ്. പണി ആഴ്ചകളോളം നിർത്തിവെക്കുന്നതാണ് നിർമ്മാണം ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നത്. മാസങ്ങൾക്ക് മുമ്പ് മദ്യം കടത്തിയ കാറും ഇവിടെയുള്ള ഓവുചാൽ കുഴിയിൽ വീണിരുന്നു. കൂടാതെ ഒരു ടെമ്പോയും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

തുറസ്സായ നിലയിൽ കിടക്കുന്ന കൂറ്റൻ കുഴി കാരണം വിദ്യാർത്ഥികളും കാൽനട യാത്രക്കാരും ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. അപകടങ്ങൾ പതിവായിട്ടും സുരക്ഷാ മുൻകരുതലുകൾ ഒരുക്കാത്ത ദേശീയപാത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *