കാസർകോട്: ഓണാഘോഷത്തിനായി കുടുംബസമേതം സ്വന്തം നാട്ടിലേക്ക് പോയ അധ്യാപക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് കവർച്ച. കൊടിയമ്മ സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപകൻ ടി.ജെ. തോമസിന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്.
തോമസും ഭാര്യയും കുമ്പളയിലെ സ്കൂൾ പ്രധാനാധ്യാപികയുമായ സോഫിയാമ്മയും ഓണാഘോഷത്തിനായി സ്വദേശമായ തളിപ്പറമ്പ് ആലക്കോട് തേർത്തല്ലിയിലെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം. ഓഗസ്റ്റ് 22-ന് രാവിലെയാണ് ഇരുവരും വീടുപൂട്ടി ഇറങ്ങിയത്. തുടർന്ന് ഇന്ന് (തിങ്കളാഴ്ച) രാവിലെ ഒൻപതുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
ഇരുനില വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അകത്തെ കിടപ്പുമുറികളിലെ അലമാരകളെല്ലാം കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ പവൻ തൂക്കമുള്ള കമ്മലും അരപവൻ തൂക്കമുള്ള മോതിരവുമാണ് മോഷ്ടാക്കൾ കവർന്നത്. അതേസമയം, അലമാരയ്ക്കകത്തുണ്ടായിരുന്ന പണം നഷ്ടപ്പെടാതെ സുരക്ഷിതമായി ലഭിച്ചതായി വീട്ടുടമ ടി.ജെ. തോമസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചു.













Leave a Reply