ചെങ്കള: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാനി’ന് പൂർണ്ണ പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ച് അഷ്റഖ മീലാദ് ഫെസ്റ്റ്. റഹ്മത്ത് നഗർ അൽ മദ്രസത്തുൽ ബദ്രിയ സംഘടിപ്പിച്ച മീലാദ് ഫെസ്റ്റിലാണ് പിഞ്ചുകുഞ്ഞുങ്ങൾ വ്യത്യസ്തമായ കലാപരിപാടികളിലൂടെ ലഹരിക്കെതിരെ ശക്തമായ സന്ദേശം ഉയർത്തിയത്.
വേദിയിൽ അരങ്ങേറിയ ദഫ് മുട്ട്, ഫ്ലവർ ഷോ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിലൂടെയാണ് മദ്രസ വിദ്യാർഥികൾ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമൂഹത്തെയും പുതുതലമുറയെയും കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരെ കലാപ്രകടനങ്ങളിലൂടെ കുരുന്നുകൾ നൽകിയ ബോധവൽക്കരണം ശ്രദ്ധേയമായി.
“ഒരുമിച്ച് നിൽക്കാം, ഒറ്റക്കെട്ടായി പോരാടാം; ലഹരിയെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചുനീക്കാം. ജീവിതത്തോട് ‘എസ്’ എന്ന് പറയാം” എന്നതായിരുന്നു പരിപാടിയുടെ മുഖ്യ പ്രമേയം.
ലഹരി ഒരു തലമുറയുടെ ഭാവിയെ തകർക്കുന്ന വലിയ വിപത്താണെന്ന് ഓർമ്മിപ്പിച്ച വിദ്യാർഥികൾ, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നാടിനെ ലഹരിമുക്തമാക്കാനും എല്ലാവരും കൈകോർക്കണമെന്ന ആഹ്വാനവും മുന്നോട്ടുവെച്ചു.
പ്രമുഖർ പങ്കെടുത്തു
ചടങ്ങിൽ സദ്ർ മുഅല്ലിം റംഷീദ് അർഷദി അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് അബ്ദുസ്സലാം അസ്ഹരി പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്കള റേഞ്ച് പ്രസിഡന്റ് ഹാരിസ് ദാരിമി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്ത് സെക്രട്ടറി അബ്ദുൽ ഗഫൂർ സ്റ്റോർ, സ്വാഗതസംഘം ചെയർമാൻ ഷാഫി ചെങ്കള, എം. എം. അബ്ദുൽ ഖാദർ, ഹനീഫ് ചെങ്കള, ഹനീഫ് പാറ, അബ്ദുറഹ്മാൻ അസ്നവി, ഇബ്രാഹിം അനീഫി, ഇബ്രാഹിം മദനി, സിദ്ദീഖ് മൗലവി, ശൗക്കത്തലി, റഹീം താജ്, മൊയ്തീൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.













Leave a Reply