യൂട്യൂബറുടെ വീട്ടിലെ മോഷണക്കേസ്: 4 പേർ പൊലീസ് പിടിയിൽ; 98 പവൻ സ്വർണം കണ്ടെടുത്തു

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ പണവും സ്വർണാഭരണങ്ങളും പരസ്യമായി പ്രദർശിപ്പിച്ച് റീലുകൾ ചെയ്തതിന് പിന്നാലെ പ്രമുഖ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരുൾപ്പെടെ നാലുപേരെയാണ് നാഗർകോവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് കവർച്ച ചെയ്തതിൽ 98 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

സെപ്റ്റംബർ 24-നായിരുന്നു നാഗർകോവിലിൽ യൂട്യൂബർ വിനോദ് കുമാറിന്റെ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടന്നത്. ഒരുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങളും അമ്പതിനായിരം രൂപയുമാണ് വീട്ടിൽനിന്ന് നഷ്ടപ്പെട്ടത്. വിനോദ് കുമാറും കുടുംബവും ഷോപ്പിങ്ങിനായി പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ലോക്കർ കുത്തിത്തുറന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വിനോദ് കുമാറിന്റെ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മധുമിത നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 4.5 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള മധുമിത സ്ഥിരമായി ആഡംബര ജീവിതവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെച്ചിരുന്നത്. കെട്ടുകണക്കിന് കറൻസി നോട്ടുകളും സ്വർണാഭരണങ്ങളും കാണിച്ച് ചെയ്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടിയുടെ മേൽ കറൻസി നോട്ടുകൾ വിതറുന്നതടക്കമുള്ള ദൃശ്യങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് അറിയാമെന്ന് ഒരു റീലിൽ ഇവർ അവകാശപ്പെടുകയും ചെയ്തിരുന്നു.

ഇൻഫ്ലുവൻസറുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് മോഷ്ടാക്കൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും വീടിന്റെ ലൊക്കേഷനും പരിസരവും പ്രതികൾ മനസ്സിലാക്കിയിട്ടുണ്ടാകാമെന്നാണ് നിഗമനം.

സംഭവത്തിൽ 160 സിസിടിവി ദൃശ്യങ്ങളും 35 സിഡിആർ (കോൾ ഡീറ്റെയിൽ റെക്കോർഡ്) രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാലംഗ സംഘത്തെ വലയിലാക്കിയത്. കവർച്ചയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *