അശ്വന്ത് കോക്കിന് വീണ്ടും കുരുക്ക്; വാഹനമോടിച്ചത് കാലാവധി കഴിഞ്ഞ ലൈസൻസുമായി, MVD റിപ്പോർട്ട് നൽകി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കുരുക്ക് മുറുകുന്നു. അശ്വന്തിന്റെ കൈവശമുള്ള ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞതാണെന്ന പുതിയ വിവരം പുറത്തുവന്നു. 2025 ഫെബ്രുവരിയിൽ ലൈസൻസിന്റെ കാലാവധി അവസാനിച്ചതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പോലീസിന് ഔദ്യോഗിക റിപ്പോർട്ട് കൈമാറി.

കാലാവധി കഴിഞ്ഞ ലൈസൻസുമായി മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് അശ്വന്തിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി തുടർനടപടികൾ സ്വീകരിക്കും. അഞ്ചുവർഷത്തേക്ക് ഇയാൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന സൂചന.

കോഴിക്കോട് നടക്കാവ് വെച്ചായിരുന്നു അശ്വന്ത് ഓടിച്ച കാർ മറ്റ് വാഹനങ്ങളിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരോട് അശ്വന്ത് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അപകട സമയത്ത് ലൈസൻസ് കൈവശമില്ലെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കുപ്പി മദ്യവും ഒരു എയർ ഗണ്ണും പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ, ഇനി ജീവിതത്തിൽ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് വലിയ തെറ്റാണെന്ന് പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി അശ്വന്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ജീവിതത്തിൽ താൻ ചെയ്ത ഏക നിയമവിരുദ്ധ കാര്യം ഇതുമാത്രമാണെന്നും വീഡിയോയിലൂടെ അശ്വന്ത് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *