ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി സ്വദേശി ഗിരീഷ്‌കുമാറിൻ്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരണപ്പെട്ടത്. കെങ്കേരി ബി.ജി.എസ് നഴ്സിങ് കോളേജിലെ നാലാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥികളാണ് ഇരുവരും.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കെങ്കേരി രാജരാജേശ്വരി ഡെൻ്റൽ കോളജിന് സമീപമായിരുന്നു അപകടം. മൈസൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലിടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കെങ്കേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *