ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; ചട്ടഞ്ചാലിൽ മൂന്ന് യുവാക്കൾക്ക് നേരെ ആക്രമണം

ചട്ടഞ്ചാൽ: ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ചട്ടഞ്ചാൽ പുത്തരിയടുക്കം സ്വദേശി അബ്ദുൽ മജീദിന്റെ (19) പരാതിയിൽ ചെർക്കള സ്വദേശികളായ നിഹാൽ, റസിൽ, ഇസ്ല എന്നിവർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു.

ചട്ടഞ്ചാൽ എ.ബി. ടർഫിന് സമീപത്തെ ക്യൂണിക്‌സ് ഗെയിമിങ് സെന്ററിനടുത്തുവെച്ചാണ് സംഭവം നടന്നത്. അബ്ദുൽ മജീദിന്റെ സുഹൃത്തുക്കളായ ഷഹീർ, ഫലാഹ് എന്നിവരെ പ്രതികൾ ചേർന്ന് ആദ്യം മർദിക്കുകയായിരുന്നു. ഇതുകണ്ട് അക്രമം തടയാൻ ശ്രമിച്ച അബ്ദുൽ മജീദിനെയും സംഘം കൈകൊണ്ട് ക്രൂരമായി മർദിച്ചു.

തുടർന്ന് പ്രതികളിലൊരാളായ നിഹാൽ സ്ക്രൂഡ്രൈവർ പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് കുത്താൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ അബ്ദുൽ മജീദിന്റെ ചുണ്ടിന്റെ ഉൾഭാഗത്ത് സ്ക്രൂഡ്രൈവർ കുത്തിക്കയറി സാരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവർ ചികിത്സ തേടി. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *