ഗിറ്റാറിന് ഹെൽമറ്റില്ല! സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴയിട്ട് എഐ ക്യാമറ

ബംഗളൂരു: റോഡിലെ നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറയ്ക്ക് പറ്റിയ വലിയൊരു അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. സ്കൂട്ടറിന്റെ പിന്നിൽ തൂക്കിയിരുന്ന ഗിറ്റാറിന് ഹെൽമറ്റില്ലെന്ന കാരണം കാണിച്ച് 500 രൂപ പിഴ ചുമത്തിയിരിക്കുകയാണ് ബംഗളൂരുവിലെ എഐ ട്രാഫിക് ക്യാമറ. ബംഗളൂരു സ്വദേശിയായ സൗവിക് ദത്ത എന്നയാൾക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്.

ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ പുറകിൽ ഗിറ്റാറും തൂക്കി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സൗവിക്. എന്നാൽ, തൊട്ടടുത്ത ദിവസം പിന്നിലിരുന്ന യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ല (Pillion riding without helmet) എന്ന കുറ്റം ചുമത്തി 500 രൂപയുടെ ഇ-ചലാൻ ലഭിക്കുകയായിരുന്നു. പിഴ നോട്ടീസിനൊപ്പം എഐ ക്യാമറ പകർത്തിയ ചിത്രവും ഉണ്ടായിരുന്നു.

സൗവിക് കൃത്യമായി ഹെൽമറ്റ് ധരിച്ച് വാഹനം ഓടിക്കുന്നതും പിന്നിൽ മറ്റൊരു യാത്രക്കാരന് പകരം ഒരു ഗിറ്റാർ ബാഗ് മാത്രമാണ് ഉള്ളതെന്നും ചിത്രത്തിൽ വ്യക്തമാണ്. ഗിറ്റാർ ബാഗിന്റെ ആകൃതി കണ്ട് പിന്നിൽ ആളുണ്ടെന്ന് എഐ തെറ്റിദ്ധരിച്ചതാണ് പിഴയ്ക്ക് കാരണമായത്.

തുടർന്ന് സൗവിക് ഈ ചിത്രവും പിഴയുടെ വിവരങ്ങളും എക്‌സിൽ (ട്വിറ്റർ) പങ്കുവെക്കുകയും ബംഗളൂരു ട്രാഫിക് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് ചലാൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെടേണ്ട ഇമെയിൽ വിലാസവും ഫോൺ നമ്പറും ബംഗളൂരു ട്രാഫിക് പോലീസ് മറുപടിയായി നൽകി.

സൗവിക്കിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. “ഗിറ്റാറിന് ബോഡിയുണ്ട്, നെക്കുമുണ്ട്, അപ്പോൾ തലയുമുണ്ടാകും; അതുകൊണ്ട് ഹെൽമറ്റ് വയ്ക്കണം” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എഐ സംവിധാനങ്ങൾ ആളുകളെ പിഴിയാൻ വേണ്ടി അമിത ഉത്സാഹം കാണിക്കുകയാണെന്നും ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ കൃത്യമായ പരിശോധന വേണമെന്നും ചിലർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *