കാസർകോട്: കാസർകോട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് വർഷങ്ങളായി നടക്കുന്ന താത്കാലിക ജീവനക്കാരുടെ നിയമനങ്ങളിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ആർ.എസ്.ബി.വൈ. (RSBY) പദ്ധതി പ്രകാരമുള്ള നിയമനങ്ങളിലും അർഹരായ ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിലുമാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യാപക തിരിമറി നടന്നിട്ടുള്ളതെന്ന് വിജിലൻസ് സംഘം കണ്ടെത്തി.
നടപടിക്രമങ്ങൾ അട്ടിമറിച്ച് പുനർനിയമനം 2015 മുതൽ ആശുപത്രിയിൽ ആർ.എസ്.ബി.വൈ. പദ്ധതിക്ക് കീഴിൽ ഇരുപതോളം താത്കാലിക ജീവനക്കാരെ നിയമിച്ചത് യാതൊരുവിധ സർക്കാർ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് പരിശോധനയിൽ വ്യക്തമായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ സുതാര്യമായ മറ്റ് നടപടിക്രമങ്ങൾ പാലിച്ചോ അല്ല ഈ നിയമനങ്ങൾ നടത്തിയത്. മാത്രമല്ല, ഇവരുടെ കാലാവധി പൂർത്തിയാകുമ്പോൾ പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നൽകാതെ, നിയമങ്ങൾ ലംഘിച്ച് ഇതേ ജീവനക്കാർക്ക് തന്നെ തുടർച്ചയായി പുനർനിയമനം നൽകി വരികയായിരുന്നുവെന്നും വിജിലൻസ് കണ്ടെത്തി.
ഭിന്നശേഷി സർട്ടിഫിക്കറ്റിലും മുൻഗണന അട്ടിമറി ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ജനങ്ങൾ നൽകുന്ന അപേക്ഷകൾ കൈകാര്യം ചെയ്തതിലും ഗുരുതര വീഴ്ചകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 മുതൽ ഈ അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. എന്നാൽ, ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടുമായി നേരിട്ട് ഓഫീസിലെത്തി സ്വാധീനം ചെലുത്തുന്നവരുടെ അപേക്ഷകൾ മാത്രമാണ് വേഗത്തിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കിയിരുന്നത്. സാധാരണക്കാരുടെ അപേക്ഷകൾ പരിഗണിക്കാതെയാണ് ഇത്തരം ക്രമക്കേട് നടത്തിയത്.
വിജിലൻസ് എ.എസ്.ഐ.മാരായ രാജേഷ്, സന്തോഷ്, കെ. ജോൺ, ശ്രീജിത്ത് മടിക്കൈ, രാജേഷ് മേലത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനും വിജിലൻസ് ഡയറക്ടർക്കും ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.













Leave a Reply