കാസർകോട് ‘ചിൽഡ്രൻ ബാങ്ക്’ നോട്ടുകൾ നൽകി തട്ടിപ്പ്: ഓട്ടോ ഡ്രൈവർമാർ കബളിപ്പിക്കപ്പെടുന്നു

കാസർകോട്: ജില്ലയിൽ റിസർവ് ബാങ്ക് പുറത്തിറക്കുന്ന കറൻസി നോട്ടുകൾക്ക് സമാനമായ ‘ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ’ നോട്ടുകൾ നൽകി കബളിപ്പിക്കുന്നത് വ്യാപകമാകുന്നു. അണങ്കൂരിലെ ഒരു ഓട്ടോ ഡ്രൈവർക്കാണ് രണ്ട് ദിവസം മുൻപ് ഇത്തരത്തിൽ വ്യാജ നോട്ട് ലഭിച്ചത്. ഓട്ടോ വാടകയായി കിട്ടിയ നോട്ട് പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത് യഥാർത്ഥ കറൻസി അല്ലെന്ന് ബോധ്യപ്പെട്ടത്.

യഥാർത്ഥ നോട്ടുകളുടെ അതേ ഡിസൈനും വലുപ്പവുമാണ് ഈ പേപ്പർ കറൻസിക്കുമുള്ളത്. തിരക്കിനിടയിൽ പണം വാങ്ങുമ്പോൾ നോട്ടിലെ വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തതാണ് ഡ്രൈവർമാർക്കും മറ്റും തിരിച്ചടിയാകുന്നത്. രാത്രികാലങ്ങളിലും തിരക്കുള്ള സമയങ്ങളിലും ഇത്തരം നോട്ടുകൾ നൽകി ആളുകളെ പറ്റിക്കുന്ന സംഘങ്ങൾ സജീവമാണെന്നാണ് സൂചന.

ശ്രദ്ധിക്കാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ നോട്ടുകൾ വലിയ സാമ്പത്തിക നഷ്ടമാണ് സാധാരണക്കാരായ തൊഴിലാളികൾക്ക് ഉണ്ടാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ ഇത്തരം ഡമ്മി നോട്ടുകൾ കൈപ്പറ്റുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *