വിദ്യാനഗർ സിവിൽ സ്റ്റേഷനിൽ ശുചീകരണ യജ്ഞത്തിന് തുടക്കം; ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

കാസർഗോഡ്: വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളും പരിസരങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ കളക്ടർ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊതു ഇടങ്ങളും ഓഫീസുകളും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സജീവമായി പങ്കുചേരണമെന്ന് കളക്ടർ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ചെങ്കള ഗ്രാമപഞ്ചായത്ത്, ജില്ലാ ശുചിത്വ മിഷൻ, ഹരിത കർമ്മസേന എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് എട്ടിന് സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളിൽ നിന്നുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് (CKCL) കൈമാറും. ഇലക്ട്രോണിക്, പേപ്പർ മാലിന്യങ്ങൾക്ക് പുറമെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയായ മെർക്കുറി, ലെഡ് തുടങ്ങിയ അപകടകരമായ മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ഏൽപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സിവിൽ സ്റ്റേഷൻ പരിസരത്തെ വിവിധ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും. ജില്ലാ ശുചിത്വ മിഷൻ ഓഫീസിന് സമീപമുള്ള ബയോഗ്യാസ് പ്ലാന്റ്, അക്ഷര ലൈബ്രറിക്ക് സമീപത്തെ തുമ്പൂർമുഴി സംവിധാനം, റിംഗ് കമ്പോസ്റ്റ് എന്നിവയാണ് ഇതിനായി ഉപയോഗിക്കുക. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്.
കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.വി. ശ്രുതി, ഡെപ്യൂട്ടി കളക്ടർമാരായ ലിപു എസ് ലോറൻസ്, വി.പി രഘുമണി, ഹൂസൂർ ശിരസ്തദാർ സതീഷ് കുമാർ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ പി. ജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചെങ്കള പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചർ, വാർഡ് മെമ്പർമാരായ മാഹിൻ ആലംപാടി, ഇ.എ മഹ്‌മൂദ്, വി.എ. മുഹമ്മദ് ഹനീഫ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി ഗോപിനാഥ്, കെ.രശ്മി, എം.സി ബഷീർ എന്നിവരോടൊപ്പം വിവിധ വകുപ്പുകളിലെ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *