ചെറുവത്തൂരിൽ തണ്ണീർപന്തൽ തുറന്നു; വേനൽ ചൂടിൽ ആശ്വാസവുമായി ഗ്രാമപഞ്ചായത്ത്

ചെറുവത്തൂർ: നാട് കടുത്ത വേനൽ ചൂടിൽ വെന്തുരുകുമ്പോൾ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ മാതൃകാപരമായ ചുവടുവെപ്പുമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി തണ്ണീർപന്തൽ പ്രവർത്തനമാരംഭിച്ചു. കത്തുന്ന വെയിലിൽ ടൗണിലെത്തുന്ന യാത്രക്കാർക്കും തൊഴിലാളികൾക്കും ദാഹശമനമേകാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തണ്ണീർപന്തലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ നിർവ്വഹിച്ചു.
ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി വിനയരാജ് കെ. വി സ്വാഗതം ആശംസിച്ചു. വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനും സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം തണ്ണീർപന്തലുകൾ വലിയ സഹായമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി അരുണിമ ജി. എസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന വി. വി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ബസ് സ്റ്റാൻഡിൽ എത്തുന്നവർക്ക് ദാഹമകറ്റാൻ ആവശ്യമായ ശുദ്ധജലവും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തണ്ണീർപന്തലിന്റെ സേവനം പൊതുജനങ്ങൾക്ക് വലിയ അനുഗ്രഹമാകും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *