രണ്ട് പ്രദേശങ്ങൾ ഒറ്റപ്പെടുന്നു; പെരിയ ചാലിക്കാലിൽ ദേശീയപാത ടോൾപ്ലാസ നിർമാണം തടഞ്ഞ് നാട്ടുകാർ

പെരിയ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡ് ഇല്ലാതെ രണ്ട് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ചാലിക്കാലിലെ ടോൾപ്ലാസ നിർമാണം നാട്ടുകാർ തടഞ്ഞു. നിർദിഷ്ട ടോൾപ്ലാസ വരുന്നതോടെ സർവീസ് റോഡ് ഇല്ലാതാകുമെന്നും യാത്രാസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ടോൾപ്ലാസയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള എണ്ണപ്പാറയിലെയും കിഴക്കുഭാഗത്തുള്ള എസ്.എൻ. കോളേജ് റോഡിനടുത്തുമുള്ള കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രാദേശിക റോഡുകൾ പൂർണമായി അടയും. ഈ റോഡുകൾ അടയുന്നത് ഒഴിവാക്കാൻ അടിയന്തര പരിഹാരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർമസമിതിയും നാട്ടുകാരും പ്രതിഷേധം സംഘടിപ്പിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ ലീല ചന്ദ്രൻ, എ.വി. മിനി എന്നിവരുടെ നേതൃത്വത്തിൽ കർമസമിതി പ്രവർത്തകർ ടോൾപ്ലാസ നിർമാണം നടക്കുന്ന കംഫർട്ട് സ്റ്റേഷന് മുന്നിലെത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിവരമറിഞ്ഞ് ദേശീയപാത നിർമാണക്കരാർ കമ്പനിയായ മേഘയുടെ ലെയ്സൻ ഓഫീസർ വിജിൻ സ്ഥലത്തെത്തി. എന്നാൽ, ഈ വിഷയത്തിൽ ദേശീയപാത അതോറിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടോൾപ്ലാസയുടെ നിർമാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പഞ്ചായത്തുതല കർമസമിതി കൺവീനർ അഡ്വ. എം.കെ. ബാബുരാജ് ആവശ്യപ്പെട്ടു. ആശങ്കകൾക്ക് വ്യക്തമായ പരിഹാരം കാണാതെ ഒരു തരത്തിലും നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു.

തുടർന്ന് അമ്പലത്തറ പോലീസും സ്ഥലത്തെത്തി. ടോൾപ്ലാസയോടനുബന്ധിച്ച് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷൻ, വെയ് ബ്രിഡ്ജ് എന്നിവയുടെ പണികളും നാട്ടുകാർ തടഞ്ഞു. ഇതിനിടെ, കർമസമിതി അംഗങ്ങളുടെ ഫോട്ടോ കമ്പനി ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് സ്ഥലത്ത് നേരിയ വാക്കുതർക്കത്തിനും ഇടയാക്കി. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശനിയാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർമസമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *