ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപതുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി യമുന എക്സ്പ്രസ്വേയിലെ ജെവാറിന് സമീപമാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. 35-ലധികം യാത്രക്കാരുമായി ഡൽഹിയിൽനിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്.
യാത്രക്കാരിലേറെയും ഗാഢനിദ്രയിലായിരുന്ന സമയത്താണ് അപകടമുണ്ടായത്. ബസിന്റെ എയർ കണ്ടീഷനിങ് (എസി) സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം പൊട്ടിത്തെറിയുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടർന്ന് എൻജിൻ ലൂബ്രിക്കേഷൻ ഓയിലിലേക്ക് തീ പടരുകയും നിമിഷങ്ങൾക്കകം ബസ് പൂർണമായി കത്തുകയുമായിരുന്നു.
ബസിനുള്ളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ ജനലുകൾ തകർത്ത് പുറത്തേക്ക് ചാടാൻ ശ്രമിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകളും ജെവാർ പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Leave a Reply