സ്തനാർബുദ ബോധവൽക്കരണത്തിന് ആരിക്കാടിയിൽ കയാക്കിങ് സംഘടിപ്പിച്ചു

കുമ്പള: സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി ആരിക്കാടി പുഴയോരത്ത് ‘സ്തനാരോഗ്യത്തിനായി തുഴയാം’ എന്ന സന്ദേശമുയർത്തി കയാക്കിങ് സംഘടിപ്പിച്ചു. ഫോഗ്സി സ്തനാരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളിൽ ആരോഗ്യ ജാഗ്രത ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് ഏറെ സഹായകമാണെന്നും കൃത്യമായ പരിശോധനകളിലൂടെയും ബോധവൽക്കരണത്തിലൂടെയും രോഗത്തെക്കുറിച്ചുള്ള ഭയം അകറ്റി സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത സൗജന്യ കയാക്കിങ് പരിശീലനവും നടന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. ഉഷ മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. ദീപ മാധവൻ, ഡോ. ജയലക്ഷ്മി, ഡോ. അണ്ണപ്പ കാമത്ത് എന്നിവർ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കെ.ഒ.ജി.എസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), വിമാ കാസർകോട് ചാപ്റ്റർ, കുമ്പള ഗ്രാമപഞ്ചായത്ത്, കെ.പി.എസ്. കയാക്കിങ് ആരിക്കാടി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. ആരിഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ബാസ്, ഡോ. ഷുഹൈബ്, ടി.പി. രഞ്ജിത്ത്, കെ.പി. മുനീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *