കാസർകോട്: ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് പുതിയ കരുത്തേകി ആദ്യ 24 മണിക്കൂർ ബ്ലഡ് സെന്റർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ബ്ലഡ് സെന്റർ പ്രവർത്തനം ആരംഭിച്ചതോടെ ജില്ലയുടെ ആരോഗ്യരംഗത്ത് വലിയ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
രക്തലഭ്യതയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾക്ക് ആശ്വാസമേകുന്നതാണ് പുതിയ സംവിധാനം. രക്തത്തിനു പുറമെ പാക്ക്ഡ് റെഡ് സെൽസ്, ഫ്രഷ് ഫ്രോസൺ പ്ലാസ്മ, പ്ലേറ്റ്ലെറ്റ് കോൺസൻട്രേറ്റ്, ക്രയോപ്രിസിപ്പിറ്റേറ്റ് തുടങ്ങിയ രക്തഘടകങ്ങളും ഇവിടെ ലഭ്യമാണ്. ഹീമോഫീലിയ ബാധിച്ച രോഗികൾക്ക് ആവശ്യമായ ക്രയോപ്രിസിപ്പിറ്റേറ്റ് ലഭ്യമാക്കുന്ന ജില്ലയിലെ ഏക ബ്ലഡ് ബാങ്ക് കൂടിയാണിത്.
അത്യാധുനിക അനലൈസർ മെഷീനുകൾ, നൂതനമായ ജെൽ സാങ്കേതികവിദ്യ, പൂർണ്ണ ഓട്ടോമേഷൻ എന്നിവയോടെയാണ് ബ്ലഡ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ഒരേസമയം പരമാവധി 1000 യൂണിറ്റ് രക്തവും അനുബന്ധ ഘടകങ്ങളും ഇവിടെ സൂക്ഷിക്കാൻ സൗകര്യമുണ്ട്.
ചടങ്ങിൽ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സാജിദ് സലാവുദ്ദീൻ, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജസീൽ, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. അഞ്ജലി സി.വി, ഓപ്പറേഷൻസ് മാനേജർ ഷംനാസ് ഹബീബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
രക്തദാനത്തിനും രക്തത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങൾക്കും 7034534519 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.













Leave a Reply