സ്ത്രീസമൂഹത്തിന്റെ അന്തസ്സുയർത്തിയ ഭരണാധികാരിയാണ് നരേന്ദ്രമോദി: ശോഭ സുരേന്ദ്രൻ

വെള്ളരിക്കുണ്ട്: സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ കോടിക്കണക്കിന് ശൗചാലയങ്ങളും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീടുകളും നിർമിച്ചുനൽകി സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കിയ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ.

ബിജെപി മഹിളാ മോർച്ച കാസർകോട് ജില്ലാ സമിതിയും വെള്ളരിക്കുണ്ട് മണ്ഡലം സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഹരിതകർമ്മസേനാംഗങ്ങളെയും പാർട്ടിയുടെ മുതിർന്ന നേതാക്കളെയും ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇതുവഴി ലിംഗവിവേചനം കുറയ്ക്കുന്നതിനും പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും സാധിച്ചുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, ജില്ലാ സെക്രട്ടറി എൻ. മധു, എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂർ, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. പ്രേമലത, അനിത നായിക്, ജില്ലാ വൈസ് പ്രസിഡന്റ് അനുശ്രീ, ജില്ലാ സെക്രട്ടറി മമത സാഗർ, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ആശ, ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ തുംഗ, ബളാൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് ജോളി ബേബി, സെക്രട്ടറി ഷൈനി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന കൺസോർഷ്യത്തിലെ മുഴുവൻ അംഗങ്ങളെയും ബിജെപിയുടെ മുതിർന്ന പ്രവർത്തകരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *