ബേവിഞ്ച: ദേശീയപാത വികസനത്തിന്റെ ഭാഗമായി ബേവിഞ്ചയിൽ നിർമ്മിച്ച കാൽനട അടിപ്പാത ചെളിനിറഞ്ഞ് പൂർണ്ണമായും അടഞ്ഞതോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ദുരിതത്തിൽ. നിർമ്മാണത്തിലെ അപാകത കാരണം അര മീറ്ററോളം ഉയരത്തിൽ ചെളി കുന്നുകൂടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഇത് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും അതിവേഗത്തിൽ പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയപ്പെടുത്തിയാണ് നിലവിൽ മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചുകടക്കുന്നത്.
മദ്രസ വിദ്യാർത്ഥികൾ ദുരിതത്തിൽ
ബേവിഞ്ചയിലെ ഈ അടിപ്പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് ബേവിഞ്ച ജമാഅത്ത് പള്ളിയും ഹയർ സെക്കൻഡറി മദ്രസയുമുള്ളത്. എന്നാൽ പ്രദേശത്തെ 70 ശതമാനത്തിലേറെ വീടുകളും സ്ഥിതി ചെയ്യുന്നത് ദേശീയപാതയുടെ കിഴക്കുഭാഗത്താണ്. പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നവർക്കായി നിർമ്മിച്ച ഈ കാൽനട അടിപ്പാതയാണ് ഇപ്പോൾ പൂർണ്ണമായും ചെളിയിൽ മുങ്ങിയിരിക്കുന്നത്. അടിപ്പാതയിലേക്ക് ഇറങ്ങാനുള്ള വഴിപോലും കൃത്യമായി ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
അധികൃതരുടെ അവഗണന
അടിപ്പാതയിലെ ചെളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി ഭാരവാഹികൾ ദേശീയപാത നിർമ്മാണ കമ്പനി ജീവനക്കാരെയും അധികൃതരെയും നിരന്തരം സമീപിച്ചെങ്കിലും മണ്ണുമാന്തി യന്ത്രമില്ലെന്നും തൊഴിലാളികളില്ലെന്നുമുള്ള ഒഴിവുകഴിവുകളാണ് ലഭിക്കുന്നത്.
ദേശീയപാതയിൽ തെക്കിൽപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയും നിർമ്മാണം അന്തിമഘട്ടത്തിലെത്തിയതിനു ശേഷം തുറന്നുനൽകിയ ഒരു ഭാഗത്തേക്കുള്ള ദേശീയപാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ വാഹനങ്ങൾ വലിയ വേഗതയിലാണ് കടന്നുപോകുന്നത്. പഴയ പാലത്തിലൂടെ ഗതാഗതം നിരോധിച്ചതും വാഹനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
തെക്കിൽപാലത്തിന് സമീപം രണ്ട് മീറ്റർ വീതിയിലും 1.80 മീറ്റർ ഉയരത്തിലുമാണ് കാൽനട അടിപ്പാത പണിതത്. പള്ളി കബറിസ്ഥാനിലേക്ക് മൃതദേഹം എത്തിക്കുന്നതിന് അടിപ്പാതയ്ക്ക് ആവശ്യമായ ഉയരവും വീതിയും വേണമെന്ന് ബേവിഞ്ച കർമ്മസമിതി ഭാരവാഹികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല. സർവീസ് റോഡ് പണിയണമെന്ന ആവശ്യവും അധികൃതർ നാളിതുവരെയായും പരിഗണിച്ചിട്ടില്ല.
ബേവിഞ്ചയിൽ കാൽനടയാത്രയ്ക്കായി പണിത അടിപ്പാതയിൽ ചെളിനിറഞ്ഞു കിടക്കുന്ന അവസ്ഥ ജമാഅത്ത് ഭാരവാഹികൾ നേരിട്ടെത്തി ചൂണ്ടിക്കാണിച്ചു. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.













Leave a Reply