മദ്യപിച്ച് വാഹനാപകടം: യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം

കോഴിക്കോട്: മദ്യലഹരിയിൽ അശ്രദ്ധമായി വാഹനം ഓടിച്ച് തുടർച്ചയായി അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് (MVD) ശുപാർശ നൽകുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ഇയാളുടെ മഹീന്ദ്ര ഥാർ ജീപ്പ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിൽ നിന്ന് എയർ പിസ്റ്റളും പെല്ലറ്റുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെടുത്തു.

തിങ്കളാഴ്ച രാത്രി എരഞ്ഞിപ്പാലം മിനി ബൈപാസിലായിരുന്നു സംഭവം. അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഭിന്നശേഷിക്കാരൻ സഞ്ചരിച്ച പ്രത്യേക വാഹനത്തിലുമടക്കം ഇടിച്ച് നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി ഇയാളെ പിടികൂടിയത്. തുടർന്ന് നാട്ടുകാരോടും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോടും ഇയാൾ തട്ടിക്കയറുകയും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത വാഹനവും എയർ പിസ്റ്റളും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ലൈസൻസ് റദ്ദാക്കൽ നടപടികളിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *